12:41pm 17 May 2026
NEWS
ജനസംഖ്യയിൽ 27 ശതമാനമുള്ള ഈഴവ സമുദായത്തിന് മന്ത്രിസഭയിൽ വെറും രണ്ട് സീറ്റ്
17/05/2026  09:39 AM IST
സുരേഷ് വണ്ടന്നൂർ
ജനസംഖ്യയിൽ 27 ശതമാനമുള്ള ഈഴവ സമുദായത്തിന് മന്ത്രിസഭയിൽ വെറും രണ്ട് സീറ്റ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യു.ഡി.എഫിൽ മന്ത്രിസ്ഥാനങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളും  മുറുകുന്നു. സംസ്ഥാന ജനസംഖ്യയിൽ 27 ശതമാനത്തോളമുള്ള ഈഴവ സമുദായത്തെ പുതിയ മന്ത്രിസഭയിൽ കേവലം രണ്ട് മന്ത്രിസ്ഥാനങ്ങളിൽ ഒതുക്കാൻ നീക്കം. കോൺഗ്രസിൽ നിന്ന് ഇത്തവണ ഒമ്പത് ഈഴവ എം.എൽ.എമാർ വിജയിച്ചുകയറിയിട്ടും അർഹമായ പ്രാതിനിധ്യം നൽകാതെ സമുദായത്തെ വെട്ടിനിരത്തുകയാണ് മുന്നണി നേതൃത്വമെന്ന ആക്ഷേപം ശക്തമായിക്കഴിഞ്ഞു.
​മറ്റ് പ്രമുഖ മത-സമുദായ സംഘടനകൾ കൂട്ടത്തോടെ സമ്മർദ്ദം കടുപ്പിച്ചതോടെ യു.ഡി.എഫ് നേതൃത്വം അവർക്ക് വഴങ്ങുകയായിരുന്നു എന്നാണ് സൂചന. 

​കണക്കിലെ കളി;അർഹത നാല്, നൽകുന്നത് രണ്ട്!


ജനസംഖ്യാനുപാതികമായി കുറഞ്ഞത് നാല് മന്ത്രിസ്ഥാനങ്ങൾക്കെങ്കിലും ഈഴവ സമുദായത്തിന് അർഹതയുണ്ട്. ആദ്യഘട്ട ചർച്ചകളിൽ നാല് പേരെ പരിഗണിച്ചിരുന്നതുമാണ്. എന്നാൽ ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങളുടെ കടുത്ത സമ്മർദ്ദത്തിന് മുന്നിൽ കോൺഗ്രസ് നേതൃത്വം ഒടുവിൽ മുട്ടുമടക്കുകയായിരുന്നു.
​ആകെ മത്സരിച്ചവർ: 17 പേർ
​വിജയിച്ചവർ: 9 പേർ (ബിന്ദു കൃഷ്ണ, എം.ലിജു, ദീപക് ജോയി, സേനാപതി വേണു, നാട്ടകം സുരേഷ്, ഒ.ജെ.ജനീഷ്, സുമേഷ് അച്യുതൻ, കെ.ജയന്ത്, വിദ്യാ ബാലകൃഷ്ണൻ)
​മന്ത്രിസ്ഥാനത്തേക്ക് നിലവിൽ പരിഗണിക്കുന്നവർ: ബിന്ദുകൃഷ്ണ (കൊല്ലം), എം.ലിജു (കായംകുളം).
​ഇടതുകോട്ടകളായ എലത്തൂരിൽ വിദ്യാ ബാലകൃഷ്ണനും ഉടുമ്പൻചോലയിൽ സേനാപതി വേണുവും അട്ടിമറി വിജയം നേടിയിട്ടും മന്ത്രിസഭാ രൂപീകരണത്തിൽ സമുദായത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന അമർഷം അണികൾക്കിടയിലുണ്ട്. മൂന്നാമതൊരു മന്ത്രിസ്ഥാനം കൂടി വേണമെന്ന ആവശ്യവുമായി കെ.ജയന്ത്, സുമേഷ് അച്യുതൻ എന്നിവരുടെ പേരുകൾ ഉയർന്നുവന്നെങ്കിലും ഇതിൽ അന്തിമ തീരുമാനമെടുക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
2011-ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ ആവർത്തനം
​ചരിത്രം പരിശോധിച്ചാൽ, 1991 മുതൽ 2021 വരെയുള്ള 30 വർഷത്തെ യു.ഡി.എഫ് - എൽ.ഡി.എഫ് സർക്കാരുകളിൽ ഈഴവ പ്രാതിനിധ്യം നാലിൽ കുറഞ്ഞിട്ടില്ല. ഇതിനൊരു അപവാദമുണ്ടായത് 2011-ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്. അന്ന് ഈഴവ മന്ത്രിമാരുടെ എണ്ണം രണ്ടായി ചുരുങ്ങിയിരുന്നു. സമാനമായ രീതിയിൽ സമുദായത്തെ വീണ്ടും തഴയാനുള്ള നീക്കമാണ് ഇപ്പോൾ യു.ഡി.എഫിൽ നടക്കുന്നത്.
​വരും ദിവസങ്ങളിൽ ഈ വിഷയത്തെച്ചൊല്ലി മുന്നണിയിലും കോൺഗ്രസിനകത്തും വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് തന്നെയുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img